തൃശൂർ: ദേശീയപാതയിൽ ചുവന്നമണ്ണിലെ അക്വാഡക്റ്റിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു കിഴക്ക് നടയ്ക്കൽ വീട്ടിൽ വാസുവിന്റെ ഭാര്യ രാജലക്ഷ്മി (78), തൃശൂർ ചൊവ്വൂർ ചെറുവത്തൂർ ചിറയത്ത് വാസുവിന്റെ ഭാര്യ വിലാസിനി (76) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്രീഹരി (24), ബാബു(52), ഷീജ (50) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ നില ഗുരുതരമാണ്. ശ്രീഹരിയാണ് വാഹനമോടിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം ആറോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. പെരിഞ്ഞനത്തുനിന്ന് പാലക്കാട് തത്തമംഗലത്തു പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. റോഡിനു മുകളിലൂടെ വെള്ളം കൊണ്ടുപോകുന്ന അക്വാഡക്റ്റിന്റെ (നീർപ്പാലം) തൂണിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണംവിട്ട കാർ റോഡിനു നടുവിലുള്ള കോണ്ക്രീറ്റ് ബാരിക്കേഡിൽ ഇടിച്ച് 30 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് തൂണിൽ ഇടിച്ചത്. റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡും കാർ ഇടിച്ചു തകർത്തു.പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.